12:23am 27 October 2026
NEWS
അയോധ്യാ രാമക്ഷേത്ര സംഭാവനക്കൊള്ള; പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
25/08/2026  03:21 PM IST
NILA
അയോധ്യാ രാമക്ഷേത്ര സംഭാവനക്കൊള്ള; പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി


ന്യൂഡൽഹി∙ അയോധ്യാ രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായക്കെതിരെ വാഹനാപകടവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടികൾ തടഞ്ഞ് സുപ്രീംകോടതി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. അഭിഷേക് ഉപാധ്യായക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ പകർപ്പ് നൽകാൻ കോടതി പൊലീസിന് നിർദേശം നൽകി. എഫ്‌ഐആർ ലഭിച്ചശേഷം ഉചിതമായ പരിഹാരം തേടി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. എഫ്‌ഐആറിന്റെ പകർപ്പ് കൈമാറിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സെപ്റ്റംബർ ഏഴിന് മുൻപ് സമർപ്പിക്കാൻ ഗാസിയാബാദ് പൊലീസ് കമ്മിഷണർക്കും നിർദേശം നൽകി.

ഗാസിയാബാദിലെ റോഡിൽ നടന്ന തർക്കവുമായി ബന്ധപ്പെട്ടാണ് എസ്‌സി, എസ്ടി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി തനിക്കെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തതെന്നാണ് അഭിഷേക് ഉപാധ്യായയുടെ ആരോപണം. ഇതിനെതിരെ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. അയോധ്യാ ക്ഷേത്ര സംഭാവനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്നതാണ് തനിക്കെതിരായ നടപടികൾക്ക് കാരണമെന്നാണ് അഭിഷേക് ഉപാധ്യായയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കേസ് നിഷ്പക്ഷമായി അന്വേഷിക്കുന്നതിന് സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഫ്‌ഐആറിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഇത് വ്യക്തമാക്കുമെന്നും അഭിഭാഷകൻ വാദിച്ചു. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

അഭിഷേക് ഉപാധ്യായയുടെ ആശങ്കകൾ പരിഗണിച്ച കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയും അതുവരെ താൽക്കാലിക സംരക്ഷണം നൽകുകയുമായിരുന്നു. കേസ് റദ്ദാക്കുന്നതിനുള്ള ശക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ ഹൈക്കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 18നാണ് കേസിനാധാരമായ സംഭവം നടന്നത്. ഗാസിയാബാദിലെ ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മകളെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ഷിപ്രാ മാളിന് സമീപം മോട്ടോർസൈക്കിളിലെത്തിയ ഒരാൾ പ്രശ്നമുണ്ടാക്കിയെന്നാണ് ഉപാധ്യായയുടെ വാദം. ബൈക്ക് തന്റെ കാറിൽ തട്ടിയെന്നായിരുന്നു ആരോപണം.മകൾ കാറിലുണ്ടായിരുന്നതിനാൽ പ്രശ്നമുണ്ടാക്കാതെ അവിടെനിന്ന് പോയെന്നും പിന്നീട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് 20ന് വീട്ടിൽ പരിശോധന നടത്തിയെന്നും ഉപാധ്യായ ആരോപിച്ചു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് നീക്കം ചെയ്തതായും അദ്ദേഹം ആരോപിക്കുന്നു.

ഉത്തർപ്രദേശിലെ അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് താൻ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകളാണ് തനിക്കെതിരായ നടപടികൾക്ക് പിന്നിലെന്നും അഭിഷേക് ഉപാധ്യായ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img